അമേരിക്കന്‍ നാവിക ഉപരോധം : ഇറാന് കരയും കടലും ചരക്കുകടത്താന്‍ തുറന്നുനല്ക്കി പാകിസ്ഥാന്

ഇസ്ലാമബാദ് : അമേരിക്കന്‍ നാവിക ഉപരോധത്തില്‍ വലഞ്ഞ ഇറാന് രക്ഷാമാര്‍ഗമൊരുക്കി പാകിസ്ഥാന്. കരയിലും കടലിലുമായി രണ്ടു മാര്‍ഗങ്ങളാണ് അയല്‍രാജ്യമായ ഇറാനുവേണ്ടി തുറന്നുനല്‍കുന്നത്.
നിലവില്‍ ഇറാന് തുറമുഖത്തുനിന്നും പുറത്തെത്തുന്നതും അവിടേക്കു പോകുന്നതുമായ എല്ലാ കപ്പലുകള്‍ക്കും യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാനുമായി കരയിലും കടലിലും അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാന് ചരക്ക് പുറത്തെത്തിക്കാനുള്ള പുതിയ മാര്‍ഗം വാഗ്ദാനം ചെയ്യുന്നത്. ഇതോടെ ഇറാന്റെ തീരക്കടലിനു പുറത്തുകടക്കാതെതന്നെ പാക് തീരക്കടലിലൂടെ ഇറാന് കപ്പലുകള്‍ക്ക് അറബിക്കടലിലെത്താനാകും. നാവിക ഉപരോധങ്ങളെ സംബന്ധിച്ച രാജ്യാന്തര ധാരണപ്രകാരം ഇത് അനുവദനീയവുമാണ്.
എണ്ണക്കപ്പലുകള്‍ക്ക് കടല്‍മാര്‍ഗം തന്നെ യാത്രചെയ്ത് പാകിസ്ഥാന്റെ മക്രാന്‍ തീരത്തിനടുത്ത് പ്രവേശിക്കാനും തിരിച്ച് ഇറാനിലേക്കുള്ള കപ്പലുകള്‍ക്ക് പാകിസ്ഥാന് തീരം വഴി ഇറാനിലേക്കെത്താനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഉപരോധം കാരണം അവശ്യസാധനങ്ങള്‍പോലും ഇറക്കുമതിചെയ്യാനാവാതെ കുരുക്കിലായ ഇറാന് ഇത് വലിയ ആശ്വാസമാകും.
കടല്മാര്ഗത്തിനു പുറമേ കരയിലൂടെയുള്ള ചരക്കുഗതാഗതവും പാകിസ്ഥാന് സാധ്യമാക്കും. 900 കിലോമീറ്ററാണ് ഇരുരാജ്യങ്ങളും പങ്കിടുന്ന അതിര്‍ത്തിയുടെ ദൂരം. ഇതുവഴി ഇറാന് എളുപ്പം ചരക്കുകള്‍ കടത്തിവിടാനാകും. ഇറാനിലേക്കു വരുന്ന ചരക്കുകള്‍ പാക് തുറമുഖങ്ങളില്‍ ഇറക്കിയശേഷം റോഡ് മാര്‍ഗം ഇറാന് അതിര്‍ത്തിയിലെത്തിക്കാനും പാക് വാണിജ്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
ഉപരോധം തുടരുന്നതോടെ എണ്ണക്കിണറുകള്‍ കവിയുകയും നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യുമെന്ന ഭീതിയിലായിരുന്നു ഇറാന്. അടുത്ത പത്തു ദിവസത്തിനുള്ളില്‍ ഖാര്‍ഗ് ദ്വീപിലെ എണ്ണക്കിണറുകള്‍ പൂര്‍ണമായും നിറയുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പാകിസ്ഥാന്റെ സഹായം ഇറാന് നിര്‍ണായകമാണ്.
യുഎസ്- ഇറാന് രണ്ടാംഘട്ട ചര്ച്ചാശ്രമത്തിനായി ഇറാനിലെത്തിയ പാക് സേനാമേധാവിക്കൊപ്പം വാണിജ്യവകുപ്പ് ഉദ്യോഗസ്ഥരും സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലുമുണ്ടായിരുന്നു. നാവിക ഉപരോധത്തിലൂടെ ഇറാനെ തളക്കാമെന്നു കണക്കൂട്ടിയ അമേരിക്കയ്ക്കിതൊരു തിരിച്ചടിയാണ്. ഇതോടെ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകളോടുള്ള അമേരിക്കയുടെ പ്രതികരണമെന്താകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.



